അബുദാബി : അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിൽ വെള്ളിയാഴ്ച മുതൽ പൊതുജനങ്ങൾ പ്രവേശിച്ചുതുടങ്ങി. ഈ മാസം 14 – നാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ സന്ദർശകർ പാലിക്കേണ്ട മാർഗനിർദേശങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. സന്ദർശകർ തോളുകളും കാൽമുട്ടുകളും മറയുന്ന വസ്ത്രങ്ങൾ ധരിക്കണം. ഇറുകിയതും ആക്ഷേപരമായ ഡിസൈനുകളോ പ്രമേയങ്ങളോ ഉള്ള വസ്ത്രങ്ങൾ ധരിക്കരുത്.
ക്ഷേത്ര സമുച്ചയത്തിൽ വളർത്തു മൃഗങ്ങളെ കൊണ്ടുവരരുത്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളുമായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കരുത്. അനുമതിയില്ലാതെ ക്ഷേത്രപരിസരത്ത് ഡ്രോണുകൾ ഉപയോഗിക്കരുത്. ക്ഷേത്രദർശനത്തിന് കുട്ടികളോടൊപ്പം മുതിർന്നവർ നിർബന്ധമായും ഉണ്ടായിരിക്കണം. വാലറ്റുകളും ചെറിയ ബാഗുകളും സന്ദർശകർക്ക് കൈവശംവെയ്ക്കാം. എന്നാൽ വലിയ ബാഗുകൾ അനുവദിക്കില്ല. കത്തി, ലൈറ്ററുകൾ, തീപ്പെട്ടികൾ തുടങ്ങിയവയുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്. അപകടകരമായ വസ്തുക്കൾ കണ്ടെത്തുന്നതിന് പ്രവേശനകവാടങ്ങളിൽ എക്സ്‌റേ സ്കാനറുകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രപരിസരത്ത് പുകവലിക്കുന്നതും പുകയില ഉത്പന്നങ്ങളും മദ്യമുൾപ്പടെയുള്ള ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് നഗ്‌നപാദമായി വേണം പ്രവേശിക്കാൻ. സന്ദർശകർ പാദരക്ഷകൾ നിയുക്തപ്രദേശങ്ങളിൽമാത്രം സൂക്ഷിക്കണം. ക്ഷേത്രത്തിന് അകത്ത് മൊബൈൽഫോൺ ഉപയോഗം പാടില്ല.
വീൽച്ചെയർ ആവശ്യമുള്ള സന്ദർശകർക്ക് പ്രവേശന കവാടങ്ങളിൽ അതിനായുള്ളസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ആത്മീയ അന്തരീക്ഷം തടസ്സപ്പെടുത്താതിരിക്കാൻ സന്ദർശകർ നിശബ്ദതപാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷേത്രത്തിലെ കൊത്തുപണികൾ, അലങ്കാരങ്ങൾ, ചിത്രങ്ങൾ എന്നിവയിൽ തൊടുകയോ ചുവരുകളിൽ എഴുതുകയോ വരയ്ക്കുകയോ ചെയ്യരുത്. ക്ഷേത്ര പരിസരത്ത് തുപ്പാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. മാലിന്യം നിയുക്ത ഇടങ്ങളിൽമാത്രം നിക്ഷേപിക്കണം. വാണിജ്യ ആവശ്യങ്ങൾക്ക് ഫോട്ടോഗ്രഫി, വീഡിയോ എന്നിവയ്ക്ക് press@mandir.ae എന്ന വിലാസത്തിലൂടെ മുൻകൂർ അനുമതി വാങ്ങണം.
ചൊവ്വ മുതൽ ഞായർവരെ രാവിലെ ഒൻപതുമണി മുതൽ രാത്രി എട്ടുമണിവരെ പ്രവേശനം അനുവദിക്കും. മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നാൽ ക്ഷേത്രദർശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments are closed.