അബുദാബി : അഗ്നിബാധയെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന സംവിധാനമായ ഹസ്സൻതുക് വർഷാവസാനത്തോടെ ദുബായിലെ എല്ലാ വില്ലകളിലും സ്ഥാപിക്കണമെന്ന് അഗ്നിശമന സേന. ഈ മാസം ഒന്നു മുതൽ നിയമം നിർബന്ധമാണെന്ന് ദുബായ് അഗ്നിശമനസേനാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അലി ഹസൻ അൽ മുതവ പറഞ്ഞു.
ഒരു ഫയർ അലാം പാനൽ, വയർലെസ് ഹീറ്റ് ഡിറ്റക്ടർ, 9 സ്മോക് ഡിറ്റക്ടറുകൾ എന്നിവ അടങ്ങിയ സംവിധാനം സ്ഥാപിക്കാൻ 1,800 മുതൽ 2,200 ദിർഹം വരെയാണ് ചെലവ്. ഒറ്റത്തവണയായോ ഘട്ടമായോ അടയ്ക്കാവുന്ന പാക്കേജ് തിരഞ്ഞെടുക്കാം.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അഗ്നിസുരക്ഷാ സംവിധാനം നിർബന്ധമാക്കിയതെന്ന് മേജർ ജനറൽ അൽ മുതവ പറഞ്ഞു. സിവിൽ ഡിഫൻസ്, നാഫ്‌കോ, ഫയർക്‌സ്, ആറ്റീസ് എന്നിവയിൽ ഏതെങ്കിലും ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടാൽ 15 മിനിറ്റിനകം ഹസ്സൻതുക് സംവിധാനം സ്ഥാപിക്കാം.യുഎഇയിൽ വീടിനു തീപിടിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്.
കുറഞ്ഞ വരുമാനക്കാരായ 11,000 കുടുംബങ്ങൾക്ക് അതോറിറ്റി സൗജന്യമായി സംവിധാനം സ്ഥാപിക്കും. നിലവിൽ 60% കുടുംബങ്ങളിലും സംവിധാനമുണ്ട്. ശേഷിച്ച വില്ലകളിൽ ജൂണോടെ സ്ഥാപിക്കും. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു കെട്ടിടങ്ങളിൽ ഇതിനകം തന്നെ സംവിധാനം പ്രവർത്തിക്കുന്നുണ്ട്”
Comments are closed.