അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനിമുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നറിയപ്പെടും. വെള്ളിയാഴ്ചമുതൽ പുതിയപേര് പ്രാബല്യത്തിലായി. ശൈഖ് സായിദിനോടുള്ള ബഹുമാനാർഥം യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പേരുമാറ്റം.
ചരിത്രമുഹൂർത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽനിന്ന് ചില സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കായി ഇത്തിഹാദ് പ്രത്യേക ഇളവുകൾ അവതരിപ്പിച്ചു. ഈമാസം 19-നും ജൂൺ 15-നുമിടയിൽ യാത്രചെയ്യുന്നവർക്ക് ഇളവുകൾ ലഭിക്കും. ഇതിനായി ഈമാസം ഒമ്പതിനും 14-നുമിടയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.
പുനർനാമകരണം ആഘോഷിക്കുന്നതിനായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി വെള്ളിയാഴ്ചമുതൽ ഈമാസം 11 വരെ ഒട്ടേറെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ റസ്റ്ററന്റുകൾ, ഷോപ്പുകൾ, കഫേകൾ, ഡ്യൂട്ടിഫ്രീ എന്നിവിടങ്ങളിൽ കിഴിവുകളും പ്രത്യേക ഓഫറുകളും ഉണ്ടാകും.
വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ എ ഔദ്യോഗികമായി തുറക്കുന്നതിനോടനുബന്ധിച്ചാണ് പുതിയപേരും പ്രാബല്യത്തിലായത്. 2023-ൽ ലോകത്തിലെ ഏറ്റവുംമികച്ച എയർപോർട്ട് ഓപ്പറേറ്ററായി അന്താരാഷ്ട്ര വിമാനത്താവളം ദ വേൾഡ് ട്രാവൽ പുരസ്കാരം നേടിയിരുന്നു.
7,42,000 ചതുരശ്ര മീറ്റർ വിസ്തീർണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 4.5 കോടി യാത്രക്കാർക്കാണ് പ്രതിവർഷം സേവനം നൽകുന്നത്. ഇത്തിഹാദ് എയർവേസിന്റെ ആസ്ഥാനംകൂടിയാണ് അബുദാബി.
പുതിയ ടെർമിനൽ എ. യിൽനിന്ന് ആദ്യ വാണിജ്യവിമാനം കഴിഞ്ഞവർഷം ഒക്ടോബർ 31-നാണ് പറന്നത്. വിമാനത്താവളത്തിന് പുതിയപേരിട്ട ചരിത്രമുഹൂർത്തത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് ചീഫ് റവന്യു ആൻഡ് കൊമേഴ്സ്യൽ ഓഫീസർ അരിക് ഡെ പറഞ്ഞു.
Comments are closed.