ഡ്രൈവറില്ലാ ടാക്സിയിൽ കറങ്ങി ദുബൈ കിരീടാവകാശി

ദുബൈ: ഡ്രൈവറില്ലാ കാറിൽ റോഡിലൂടെ സഞ്ചരിച്ച് ദുബൈ കിരീടാവകാശി എക് സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ അദ്ദേഹം സ്വയം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഡ്രൈവറില്ലാ ടാക്സികൾ ദുബൈ നിരത്തിൽ ലഭ്യമായിത്തുടങ്ങുമെന്ന് അദ്ദേഹം ഇൻസ് റ്റഗ്രാം സ്റ്റോറിയിൽ അറിയിക്കുകയുംചെയ്തു.

കാർ റോഡിലൂടെ കടന്നുപോകുന്നതിനിടെ മുന്നിലെ സൈക്കിൾ യാത്രക്കാരനെ ഡിറ്റക്ട് ചെയ്യുന്നതും വേഗത കുറക്കുന്നതും വീഡിയോയിൽ കാണാം. വഴി തിരിച്ചറിഞ്ഞ് കാർ സ്റ്റിയറിങ്തിരിയുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സ്കൂളിന് അടുത്തെത്തുമ്പോൾ വാഹനം വേഗത നിയന്ത്രിക്കുന്നു. റോഡ് ഗതാഗത അതോറിറ്റി ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറും മറ്റു രണ്ടുപേരുമാണ് സഹയാത്രികരായി വാഹനത്തിലുണ്ടായിരുന്നത്.ഒക്ടോബറിൽ ദുബൈ നഗരത്തിൽ ഡ്രൈവറില്ലാ ടാക്‌സികൾ പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. ജുമൈറ വൺ മേഖലയിലാണ് സ്വയംനിയന്ത്രിച്ച് ഒാടുന്ന ടാക്സികളുടെ പരീക്ഷണയോട്ടം നടത്തിയത്. ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ.ടി.എ, ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്‌സികൾ റോഡിലിറക്കിയത്.

Comments are closed.