എഐ നിരീക്ഷണം: പൊലീസ് സ്‌റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51% കുറവ്

ദുബായ് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്യപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ 51 ശതമാനം കുറവുണ്ടായതായി അധികൃതർ അറിയിച്ചു. നിർമിതബുദ്ധി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയുള്ള നിരീക്ഷണമാണ് ഇതിന് കാരണമായത്.

ലോകപ്രശസ്തമായ ദുബായ് ഗോൾഡ് സൂഖ് ഉൾപ്പെടെയുള്ള ദുബായിലെ പരമ്പരാഗത ഷോപ്പിങ് കേന്ദ്രത്തെ പരിപാലിക്കുന്നത് നായിഫ് സ്റ്റേഷനാണ്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഇവിടെ വ്യാപാരം നടത്തുകയും താമസിക്കുകയും ചെയ്യുന്നു.ഡ്രോണുകൾ ഉപയോഗപ്പെടുത്തി ദുബായിലെ നിയമപാലകർ നിരോധിത വസ്തുക്കളുടെ വിൽപനയും ഭിക്ഷാടനവും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ സജീവമായി നേരിടുന്നു. ഈ ഡ്രോണുകൾ നടത്തുന്ന സൂക്ഷ്‌മമായ ആകാശ നിരീക്ഷണം കുറ്റകൃത്യങ്ങൾ തടയുന്നതിന് സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ ഡോ താരിഖ് മുഹമ്മദ് തഹ്ലാക്ക് പറഞ്ഞു.ഈ സ്റ്റേഷനിലെ ഓപ്പറേഷൻ റൂം അത്യാധുനിക സംവിധാനങ്ങളോടു കൂടിയതാണ്. ഇത് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഈ അത്യാധുനിക സൗകര്യം ക്രിമിനൽ പ്രവർത്തനങ്ങൾ മുൻകൂട്ടി കാണാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുള്ള “ഹോട്ട് സോണുകൾ” തിരിച്ചറിയാനും എഐ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നു.ഓപ്പറേഷൻ റൂമിൽ എഐയുടെ തന്ത്രപരമായ വിന്യാസം നായിഫ് മേഖലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിജയിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചതായും സ്റ്റേഷന്റെ വിപുലമായ പ്രവർത്തന ശേഷികൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Comments are closed.