ദുബായ് : വരുംദിവസങ്ങളിൽ രാജ്യത്ത് കാറ്റിനുംമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കൾ മുതൽ വ്യാഴംവരെയാണ് മഴ കനത്തുപെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്ത് കനത്തമഴ പെയ്തിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. തെക്കുപടിഞ്ഞാറുനിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമർദമായിരിക്കും യു.എ.ഇയെ ബാധിക്കുക.
പടിഞ്ഞാറനിന്നുള്ള തണുത്ത കാറ്റ് രാജ്യത്തിന്റെ പലഭാഗത്തും വീശിയടിക്കും. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മേഘാവൃതമായിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയാകുമുണ്ടാകുക.
ബുധനാഴ്ച അൽപ്പംതെളിഞ്ഞ കാലാവസ്ഥയായിരിക്കും. അതിനാൽ തെക്ക് ഭാഗങ്ങളിൽ താപനിലകുറയും. ഈ ദിവസം ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. പൊടിക്കാറ്റായതിനാൽ ദൃശ്യപരത കുറയും. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അറബിക്കടലും ഒമാൻ കടലും പ്രക്ഷുബ്ധമായിരിക്കാനാണ് സാധ്യത.
അതേസമയം കഴിഞ്ഞദിവസം യു.എ.ഇ.യിൽ ഈവർഷത്തെ ഏറ്റവും കുറഞ്ഞതാപനില രേഖപ്പെടുത്തി.
റാസൽഖൈമയിലെ ജബൽ ജെയ്സിൽ 2.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസത്തെ താപനില. മറ്റ് പർവതമേഖലകളിലും കുറഞ്ഞതാപനില തന്നെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഫുജൈറയിലെ മബ്രിഹ് പർവതമേഖലയിൽ 5.2 ഡിഗ്രി സെൽഷ്യസും റാസൽഖൈമയിലെ ജബൽ റഹ്ബയിൽ 5.5 ഡിഗ്രിയുമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ചെറിയതോതിൽ മഴ പെയ്തിരുന്നു. മേഘാവൃതമായ കാലാവസ്ഥയായിരുന്നു. അൽ ഐനിൽ ആലിപ്പഴവർഷത്തിന് സാധ്യതാമുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആദ്യം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
Comments are closed.