പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി പിൻവലിച്ചു
ദുബായ്: ഗൾഫിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി യുഎഇ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ഇപ്രാവശ്യത്തെ നീറ്റ്–യുജി (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്- യുജി) പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി ഇന്ത്യൻ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി സമൂഹ മാധ്യമ പ്ലാറ്റ് ഫോമായ എക്സിൽ അറിയിച്ചു.
ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്ക് ഈ വർഷം നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ യുഎഇയിൽ മാത്രം മൂന്ന് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ. മുന്‍ വർഷങ്ങളിൽ പരീക്ഷയ്ക്ക് അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ എന്നിവ സംവിധാനമൊരുക്കി. കുവൈത്തിലെ കുവൈത്ത് സിറ്റി, ഖത്തറിലെ ദോഹ, ബഹ്റൈനിലെ മനാമ, ഒമാനിലെ മസ്കത്ത്, സൗദിയിലെ റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. ഇതടക്കം ഇന്ത്യക്ക് പുറത്ത് ആകെ 14 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.
Comments are closed.