ദുബായ് വിമാനത്താവളത്തിൽ 2023- ൽ 8.69 കോടി യാത്രക്കാർ

ദുബായ് : അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞവർഷം 8.69 കോടി ആളുകൾ യാത്ര ചെയ്തു. 2022-ൽ ദുബായ് വിമാനത്താവളത്തിൽ 6.6 കോടി യാത്രക്കാരായിരുന്നു. കോവിഡിനുശേഷം ആദ്യമായാണ് ഇത്രയേറെ യാത്രക്കാർ വിമാനത്താവളത്തിലെത്തിയത്. കോവിഡിൽ നിന്നുള്ള ദുബായിയുടെ തിരിച്ചുവരവും യാത്രക്കാരുടെ എണ്ണത്തിൽ പ്രതിഫലിക്കുന്നു. 2019, 2018 വർഷങ്ങളിൽ യഥാക്രമം 8.63 കോടി, 8.91 കോടി ആയിരുന്നു യാത്രക്കാരുടെ എണ്ണം. ഏറ്റവും കൂടുതൽ യാത്രക്കാർ ഇന്ത്യയിൽനിന്നാണ്. സൗദി അറേബ്യ, യു.കെ., പാകിസ്താൻ, റഷ്യ എന്നീ രാജ്യങ്ങളും പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ലോകത്തിലെ മുൻനിര വിമാനത്താവളമാക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ മാറ്റുന്നതിന് പ്രചോദനമായതെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിൽ കുറിച്ചു. സമാനതകളില്ലാത്ത അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കികൊണ്ട് ആഗോള വ്യോമയാന വ്യവസായത്തിലെ മികവിന്റെ പ്രതീകമായി അന്താരാഷ്ട്ര വിമാനത്താവളം മാറിയിട്ടുണ്ട്. മികച്ച യാത്രാനുഭവങ്ങൾ നൽകാനായി നൂതന സംരംഭങ്ങളും പദ്ധതികളും നടപ്പാക്കുന്നത് തുടരുകയാണെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

കോവിഡ് കാലത്ത് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത ആദ്യത്തെ നഗരങ്ങളിലെന്നാണ് ദുബായ്. ഇത് വിനോദസഞ്ചാര വ്യവസായത്തെ ഉത്തേജിപ്പിക്കാൻ സഹായകരമായി. 1.7 കോടി അന്താരാഷ്ട്ര ഓവർനൈറ്റ് സന്ദർശകരെ സ്വാഗതം ചെയ്തതിലൂടെ വിനോദസഞ്ചാര മേഖലയിൽ ചരിത്ര നേട്ടമാണ് കഴിഞ്ഞവർഷം കൈവരിച്ചത്.

ഈ കാലയളവിൽ 77 ശതമാനം ഹോട്ടൽ താമസനിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 8.88 കോടി യാത്രക്കാരെ സ്വാഗതം ചെയ്യാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള 104 രാജ്യങ്ങളിലെ 262 നഗരങ്ങളിലേക്ക് 100- ലേറെ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ദുബായിൽനിന്ന് സർവീസ് നടത്തുന്നുണ്ട്.

Comments are closed.