ദുബായ് മെട്രോ നീലലൈൻ നിർമാണം ഈ വർഷം തുടങ്ങും

ദുബായ് : പൊതുഗതാഗതരംഗത്ത് വിപ്ലവംസൃഷ്ടിച്ച ദുബായ് മെട്രോയിലെ നീലലൈൻ നിർമാണം ഈവർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. നിലവിലെ ചുവപ്പ്, പച്ച ലൈനുകളുമായി പുതിയലൈൻ യോജിപ്പിക്കും. എമിറേറ്റിലെ പ്രധാനപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ചുകൾ ഉൾപ്പടെ 14 സ്റ്റേഷനുകൾ നീല ലൈനിലുണ്ടാകും.

1800 കോടി ദിർഹംചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് പുതിയലൈൻ നിർമിക്കുക. പാതയുടെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉപരിതലത്തിലുമായിരിക്കും. അഞ്ചുസ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെയാണ് ബന്ധിപ്പിക്കുക. മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ നവംബറിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.കഴിഞ്ഞ വർഷം എമിറേറ്റിൽ 70.2 കോടി ആളുകൾ പൊതുഗതാഗതം ഉപയോഗിച്ചതായി ആർ.ടി.എ. അറിയിച്ചു. ഇതിൽ 62 ശതമാനം പേരും മെട്രോ, ബസ് യാത്രക്കാരാണ്. മുൻ വർഷത്തെ 62.14 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനയുണ്ടായി. 2023 – ൽ ദുബായിലെ പ്രതിദിന പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 19.2 ലക്ഷമാണ്. 2022 – ൽ 17 ലക്ഷമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മാത്രമായി 6.49 കോടി ആളുകളാണ് പൊതുഗതാഗതം ഉപയോഗിച്ചത്.

ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28 യാത്രക്കാരുടെ എണ്ണം വർധിക്കാൻകാരണമായി. ഒക്ടോബർ, നവംബർ മാസങ്ങളിൽ യഥാക്രമം 6.42 കോടി, 6.4 കോടി എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെയെണ്ണം. ജനുവരി മുതൽ സെപ്റ്റംബർ വരെ പ്രതിമാസം 5.4 മുതൽ ആറു കോടി ആളുകളാണ് പൊതുയാത്രാ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. ഇതേകാലയളവിൽ 11.4 കോടി യാത്രകൾ ദുബായ് ടാക്സികളിലും 2.5 കോടി യാത്രകൾ ഷെയർഡ്‌ മൊബിലിറ്റികളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബറിൽ 1.33 കോടി യാത്രകളും നവംബർ, ഡിസംബർ മാസങ്ങളിൽ 1.3 കോടി യാത്രകളും രേഖപ്പെടുത്തി.

26 കോടി യാത്രക്കാരുമായി ദുബായ് മെട്രോയാണ് ഒന്നാം സ്ഥാനത്തുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം 15 ശതമാനം വർധിച്ചിട്ടുണ്ട്. ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളിലൂടെയാണ് കൂടുതൽപേരും യാത്ര ചെയ്തത്‌. 1.5 കോടി പേർ ബുർജുമാനിലൂടെയും 1.19 കോടി പേർ യൂണിയൻ സ്റ്റേഷനുകളിലൂടെയും യാത്രചെയ്തു.

അൽ റിഗ്ഗ – 1.17 കോടി, മാൾ ഓഫ് ദ എമിറേറ്റ്സ് 1.1 കോടി, ദുബായ് മാൾ സ്റ്റേഷൻ – ഒരു കോടി, ഷറഫ് ഡി.ജെ. സ്റ്റേഷൻ – 93 ലക്ഷം, ബനിയാസ് സ്റ്റേഷൻ 82 ലക്ഷം, സ്റ്റേഡിയം സ്റ്റേഷൻ 63 ലക്ഷം എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കുകൾ. എമിറേറ്റിലെ പൊതുബസുകളിൽ 17.35 കോടി ആളുകളും ദുബായ് ട്രാമിൽ 88.4 ലക്ഷം പേരും യാത്രചെയ്തു. 2022-നെ അപേക്ഷിച്ച് 18 ശതമാനം വർധനയാണ് ട്രാം യാത്രക്കാരിലുണ്ടായത്. മുൻ വർഷത്തിൽനിന്ന് ഒൻപത് ശതമാനം വർധിച്ച് അബ്ര, ദുബായ് ഫെറി, വാട്ടർ ടാക്സി തുടങ്ങിയ ജലഗതാഗത മാർഗങ്ങളിലൂടെ 1.74 കോടിയാളുകൾ യാത്ര ചെയ്‌തു. ഇ-ഹെയിൽ, സ്മാർട്ട് കാർ റെന്റൽ, ബസ് – ഓൺ -ഡിമാൻഡ് എന്നീ ഷെയേർഡ് മൊബിലിറ്റി സേവനങ്ങൾ 4.36 കോടി ആളുകൾ പ്രയോജനപ്പെടുത്തി. 19.84 കോടി ആളുകൾ ദുബായ് ടാക്സികളിൽ യാത്രചെയ്തു. മികച്ച പൊതുഗതാഗത സേവനങ്ങളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാൻ ആർ.ടി.എ.ക്ക് സാധിക്കുന്നുവന്നതിന്റെ തെളിവാണ് പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിൽ പ്രതിഫലിക്കുന്നത്.

Comments are closed.