വ്യവസായികളെ പിന്തുണയ്ക്കാൻ ‘ഹത്ത സൂഖ് ’ തുടങ്ങി

ദുബായ് : ചെറുകിട വ്യവസായികളെ പിന്തുണയ്ക്കുന്നതിന് ‘ഹത്ത സൂഖ് ’ പ്രവർത്തനം ആരംഭിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പ്രാദേശിക കാർഷിക, വാണിജ്യ, ഗാർഹിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ ചെറുകിട വ്യാപാരികൾക്ക് മികച്ച അവസരമാണ് സൂഖ് ഒരുക്കുന്നത്. ഹത്തയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനും സൂഖിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മേഖലയുടെ ആകർഷകത്വവും സേവന നിലവാരവും വർധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സൂഖ് തുറന്നതെന്ന് മുനിസിപ്പാലിറ്റിയിലെ മാർക്കറ്റുകളുടെ വകുപ്പ് മേധാവി മുഹമ്മദ്‌ ഫെറൈദൂനി പറഞ്ഞു. ഹത്തയിൽ ആകർഷകമായ വിനോദകേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. പ്രദേശത്തിന്റെ വിനോദസഞ്ചാര, നിക്ഷേപ, സാമ്പത്തിക മേഖലകളുടെ വളർച്ചയ്ക്ക് സൂഖ് നിർണയാക സംഭാവനകൾ നൽകുന്നുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഹത്ത പ്രധാന പദ്ധതിയുടെ ഉന്നത സമിതിയുടെ സംരംഭങ്ങളിലൊന്നാണിത്.

ഹത്തയുടെ പൈതൃകവും സംസ്കാരവും അടയാളപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളാൽ സമ്പന്നമാണിവിടം. പ്രധാന പ്രാദേശിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് 10 സ്റ്റാൻഡുകളും കാർഷിക ഉത്പന്നങ്ങൾക്കായി അഞ്ചു സ്റ്റാൻഡുകളുമാണ് സൂഖിലുള്ളത്.

തേൻ, ഈന്തപഴം, പച്ചക്കറി, പഴവർഗങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പ്രദർശനങ്ങൾക്കുപുറമേ കുട്ടികൾക്കായി ശില്പശാലകളും വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അടുത്ത മാസം മൂന്നുവരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 10 വരെ സൂഖ് പ്രവർത്തിക്കും.

Comments are closed.