അബുദാബി : അപകടസാധ്യതകൾ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും പൊതു-സ്വകാര്യ മേഖലയെ സഹായിക്കാൻ ‘റിസ്‌ക്സ്’ എന്ന പുതിയ ഡിജിറ്റൽ വേദി അവതരിപ്പിച്ചു. യു.എ.ഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.സി.ഇ.എം.എ.) സംഘടിപ്പിച്ച അടിയന്തര, ദുരന്ത നിവാരണ കമ്യൂണിറ്റി ഫോറത്തിലാണ് ‘റിസ്‌ക്സ്’ അവതരിപ്പിച്ചത്.
ദുരന്തങ്ങളെക്കുറിച്ച് വേഗത്തിൽ അറിയാനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എൻ.സി.ഇ.എം.എ.യിലെ നാഷണൽ ഓപ്പറേഷൻസ് സെന്റർ ഡയറക്ടർ ഡോ. സൈഫ് അൽ ദഹേരി സംസാരിച്ചു.
അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിനും ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനും സാങ്കേതികവിദ്യകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ അതോറിറ്റിയും പങ്കാളികളും തമ്മിലുള്ള വിവരകൈമാറ്റത്തിനും ഏകോപനത്തിനും സഹകരണം ശക്തമാക്കുന്നതിനും ‘റിസ്‌ക്സ്’ സഹായകരമാകും. ദുരന്ത നിവാരണ മേഖലയ്ക്ക് ഉപകാരപ്രദമാകുന്ന ഒട്ടേറെ സേവനങ്ങളും പ്രവർത്തനങ്ങളും ലഭ്യമാക്കുന്നതിനോടൊപ്പം അപകടസാധ്യതകളെ നേരിടാനുള്ള നടപടികളും പുതിയ ഡിജിറ്റൽ വേദി ഉപയോക്താക്കളെ അറിയിക്കും.
അപകടങ്ങളും അനുബന്ധ പ്രതിസന്ധികളും തരണം ചെയ്യുന്നതിനുള്ള ആഗോള രീതികളും ഏകദിന ഫോറത്തിൽ ചർച്ചാവിഷയങ്ങളായി. അടിയന്തര ഘട്ടങ്ങളിൽ പരസ്പരം പിന്തുണയ്ക്കുന്ന രാജ്യങ്ങളും സംഘടനകളും തമ്മിലുള്ള ഏകോപനം, സഹകരണം, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയും ഫോറം ചർച്ച ചെയ്തു.
Comments are closed.