ഇത്തിഹാദ് റെയിലിൽ യാത്രചെയ്യാൻനോൽ കാർഡ് ഉപയോഗിക്കാം

ദുബായ് : ഇത്തിഹാദ് റെയിലിലെ യാത്രാതീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ദുബായിയുടെ നോൽ കാർഡുകൾഉപയോഗിക്കാം.ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇത്തിഹാദ് റെയിലിന്റെയും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) യുടെ അധികൃതർ ഒപ്പുവെച്ചു.

ദുബായിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ കരാറുണ്ടാക്കിയത്.

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഉപഭോക്തൃ സൗഹൃദമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് കരാറിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ശൈഖ് മക്തൂം പറഞ്ഞു.

സ്മാർട്ട് സാങ്കേതികവിദ്യകളും സംവിധാനങ്ങളും വിന്യസിക്കുന്നതിലുള്ള ആർ.ടി.എ. യുടെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ശൈഖ് ത്വയിബ് വ്യക്തമാക്കി.

2009 സെപ്റ്റംബറിലാണ് ദുബായിൽ നോൽ സംവിധാനം അവതരിപ്പിച്ചത്. നിലവിലെ കാർഡ് സംവിധാനം ഡിജിറ്റൽ വാലറ്റ് സാങ്കേതികവിദ്യയിലേക്ക് മാറ്റാനും ആർ.ടി.എ. പദ്ധതിയിടുന്നുണ്ട്. അത്യാധുനിക നിർമിതബുദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിൽ ഉപഭോക്താക്കളുടെ മുഖം തിരിച്ചറിയാനുള്ള സവിശേഷത ഉൾപ്പെടുത്തും.

യു.എ.ഇ.യുടെ സ്വപ്ന പദ്ധതികളിലൊന്നായ ഇത്തിഹാദ് റെയിൽ നിർമാണം 2009-ലാണ് ആരംഭിച്ചത്. അൽ ദഫ്രയിലെ അൽ ദന്നയ്ക്കും അബുദാബി നഗരത്തിനുമിടയിൽ റെയിൽ സേവനങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞ വർഷം ധാരണയായിട്ടുണ്ട്. ഇത്തിഹാദിന്റെ യാത്ര , ചരക്ക് തീവണ്ടികൾ ദുബായിലെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ജനുവരി മുതൽ പരീക്ഷണയോട്ടം നടത്തുന്നുണ്ട്.

2030-ഓടെ അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് വെറും 100 മിനിറ്റ് കൊണ്ട് യാത്രക്കാർക്ക് എത്തിച്ചേരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ തീവണ്ടികൾ മണിക്കൂറിൽ 200 കിലോമീറ്ററും ചരക്ക് തീവണ്ടികൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ യാത്രാസമയം 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

Comments are closed.