പ്രവാസികളുടെ പണമയക്കൽ യു.എ.ഇ.യിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ 15 ശതമാനം ഫീസ് വർധിപ്പിക്കുന്നു

അബുദാബി : പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇ.യിലെ എക്സ്‌ചേഞ്ച് ഹൗസുകൾ 15ശതമാനംവർധിപ്പിക്കുന്നു.അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

എക്സ്‌ചേഞ്ച് ഹൗസുകളിലെ വർധിച്ചചെലവുകൾ കണക്കിലെടുത്ത് മത്സരക്ഷമത നിലനിർത്തുന്നതിന്റെ ഭാഗമായാണ് വർധനയെന്ന് അധികൃതർ വിശദീകരിച്ചു.

യു.എ.ഇ.യുടെ അധികാരപരിധിയിലുള്ള എക്സ്‌ചേഞ്ച് ഹൗസുകൾക്ക് ഓപ്ഷണൽ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പാക്കാൻ അനുമതിലഭിച്ചതായി എക്സ്‌ചേഞ്ച് ഹൗസുകളെ പ്രതിനിധീകരിക്കുന്ന ഫോറിൻ എക്സ്‌ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (എഫ്.ഇ.ആർ.ജി.) അറിയിച്ചു.

കുറഞ്ഞത് 15 ശതമാനം വർധനയാണ് അനുവദിച്ചത്. നിലവിൽ ആയിരം ദിർഹം നാട്ടിലേക്ക് അയക്കാൻ 23 ദിർഹമാണ് മണി എക്സ്‌ചേഞ്ചുകൾ സർവീസ് ചാർജായി ഈടാക്കുന്നത്. ഇതിൽ 2.5 ദിർഹംകൂടി വർധിച്ചാൽ ചെലവ് 25.5 ദിർഹമാകും.

മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങളും പ്രവർത്തനച്ചെലവിെല വർധനയും കാരണം ഫീസ് വർധന അനിവാര്യമാണെന്ന് എക്സ്‌ചേഞ്ച് ഹൗസുകൾ ആവശ്യപ്പെട്ടിരുന്നു. ഫിസിക്കൽ ബ്രാഞ്ച് റെമിറ്റൻസ് സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്.ഇ.ആർ.ജി. പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഡിജിറ്റൽ മത്സരക്ഷമത നിലനിർത്തുന്നതിന് മൊബൈൽ ആപ്പ് വഴി പണമടയ്ക്കൽ ഫീസ് മാറ്റമില്ലാതെ തുടരുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് പ്രതീക്ഷ. എക്സ്‌ചേഞ്ച് ഹൗസുകൾക്ക് ഫീസ് ക്രമീകരണം അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി എഫ്.ഇ.ആർ.ജി. ചെയർമാൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

Comments are closed.