അബുദാബി : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യു.എ.ഇ.യിൽ എത്തും. അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദർശനമാണിത്. ഇത്തവണത്തെ സന്ദർശനത്തിൽ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി മോദി ചർച്ച നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ളപങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിവിധപ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ചകളുണ്ടാകും. ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ.യിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യുന്ന അഹ്ലൻ മോദി സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 6.30-ന് അബുദാബി സായിദ് സ്റ്റേഡിയത്തിൽ നടക്കും. 65,000-ത്തിലേറെ പേർ പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി. 150-ലേറെ ഇന്ത്യൻ സംഘടനകളും യു.എ.ഇ.യിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളും പരിപാടിക്കെത്തും. 90 മിനിറ്റോളം നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് അരങ്ങേറുക.
അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമർപ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വംനൽകും.ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശനം മാർച്ച് ഒന്നുമുതലാണ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
Comments are closed.