ദുബായ് : കടലിലെ അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന (ഫ്ലോട്ടിങ്) ഫയർസ്റ്റേഷൻ ദുബായിൽ ആരംഭിച്ചു. പരമ്പരാഗത മറൈൻ ഫയർസ്റ്റേഷനുകളെ അപേക്ഷിച്ച് 70 ശതമാനം ചെലവ് കുറഞ്ഞതാണ് പുതിയ സ്റ്റേഷന്റെ ഘടന. അടിയന്തര സാഹചര്യങ്ങളിൽ വെറും നാലുമിനിറ്റിനകം പ്രതികരിക്കാൻ സാധിക്കുമെന്നതാണ് സവിശേഷത.
16 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയസ്റ്റേഷന് പരിസ്ഥിതി സൗഹൃദ രൂപകല്പനയാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രവർത്തനച്ചെലവ് ലാഭിക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യും. മണിക്കൂറിൽ 11 മൈൽ വേഗതയിൽ സഞ്ചരിക്കാൻ ഫ്ലോട്ടിങ് സ്റ്റേഷന് സാധിക്കും. രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള എമിറേറ്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സംരംഭം.
സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ ഒന്നാമതെത്താനുള്ള യാത്രയിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് ദുബായ് സിവിൽ ഡിഫൻസ് ഡയറക്ടർ – ജനറൽ ലെഫ്റ്റനന്റ് ജനറൽ റാഷിദ് താനി അൽ മത്രൂഷി പറഞ്ഞു. നൂതന സുരക്ഷാ സംവിധാനങ്ങൾ കണ്ടെത്തുന്നതിൽ രാജ്യം അതീവ ശ്രദ്ധനൽകുന്നുണ്ട്. എമിറേറ്റിലെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് സംഭാവനകൾ നൽകാനുള്ള സിവിൽ ഡിഫൻസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അൽ മത്രൂഷി പറഞ്ഞു.
Comments are closed.