അബുദാബിയിൽ കേരളഫെസ്റ്റിന് തുടക്കമായി

അബുദാബി : കേരളത്തിന്റെ സംസ്കാരവും ജീവിതരീതികളും ഓർമിപ്പിച്ചുകൊണ്ട് അബുദാബിയിൽ മൂന്നുദിവസത്തെ കേരള ഫെസ്റ്റിന് തുടക്കമായി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലാണ് കേരള ഫെസ്റ്റ്.

വെള്ളിയാഴ്ച വൈകീട്ട് ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവഹാജി പതാക ഉയർത്തിയതോടെയാണ് ഫെസ്റ്റിന് തുടക്കമായത്. പ്രദർശനസ്റ്റാളുകളുടെ ഉദ്ഘാടനം, ചെണ്ടമേളം, വിവിധ കേരളീയ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര, ലോഗോപ്രകാശനം തുടങ്ങിയവയും ഉണ്ടായിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധാനംചെയ്‌തുകൊണ്ടുള്ള കലാപരിപാടികൾ, കേരള ഫെസ്റ്റ് തീം സോങ് എന്നിവയുമുണ്ടായി. ആദ്യദിവസം ബിൻസി, മജ്ബൂർ എന്നിവർ അവതരിപ്പിച്ച സൂഫിസംഗീതം അരങ്ങേറി. കേരളീയ രുചിവൈഭവങ്ങളുമായി ‘നാടൻ തട്ടുകട’ അടക്കമുള്ള ഫുഡ്സ്ട്രീറ്റ് കേരളഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, വിവിധ വാണിജ്യസംരംഭങ്ങളുടെ 25 സ്റ്റാളുകളുണ്ട്.

ശനിയാഴ്ച വൈകീട്ട് നാലുമണിമുതൽ മാധ്യമപ്രവർത്തകരായ പ്രമോദ് രാമൻ, ഷാനിപ്രഭാകർ, പി.ജി.,സുരേഷ് കുമാർ, ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി എന്നിവർ പങ്കെടുക്കുന്ന ടോക് ഷോ, മറിമായം ടീം ഒരുക്കുന്ന ഹാസ്യപരിപാടി എന്നിവയുമുണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് 30 പ്രവാസി സംഘടനകൾ ഒന്നിക്കുന്ന ഡയസ്‌പോര സമ്മിറ്റ് നടക്കും. പ്രവാസികൾ നേരിടുന്ന യാത്രാപ്രതിസന്ധി, മക്കളുടെ വിദ്യാഭ്യാസം, വോട്ടവകാശം തുടങ്ങിയവയും ചർച്ചചെയ്യും. വിലകൂടിയ സമ്മാനങ്ങൾ ലഭിക്കുന്ന നറുക്കെടുപ്പും കേരളഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.

Comments are closed.