ദുബായ് : ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് സ്മാർട്ട് ആപ്പ്, ഓൺ ദ-ഗോ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് ഓർമിപ്പിച്ചു. തിങ്കളാഴ്ച ചെറുതും വലുതുമായ ഒട്ടേറെ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്താതെ തികച്ചും ലളിതമായി ആപ്പിലൂടെ അപകടം റിപ്പോർട്ട് ചെയ്യാനാവും. സ്മാർട്ട് ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് സമയവും അധ്വാനവും ലാഭിക്കാം. യാത്രക്കാർക്ക് പരിക്കുകൾ ഒന്നുമേൽക്കാത്ത ചെറിയ അപകടങ്ങളാണ് ഇതുവഴി രേഖപ്പെടുത്താൻ കഴിയുക. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഫോട്ടോയുൾപ്പെടെ ആവശ്യമായ രേഖകൾ നൽകിക്കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. തുടർന്ന് പോലീസ് അവലോകനം ചെയ്തതിനുശേഷം വാഹനാപകടറിപ്പോർട്ട് ഉപയോക്താവിന് എസ്.എം.എസ്. അല്ലെങ്കിൽ ഇ-മെയിൽവഴി അയക്കും. ചെറിയ അപകടമാണ് നടന്നതെങ്കിൽ വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയിടാനും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന നടപടി എളുപ്പമാക്കാൻ നിർമിത ബുദ്ധി സംവിധാനം അവതരിപ്പിക്കുമെന്ന് ദുബായ് പോലീസ് ജൈറ്റക്സിൽ അറിയിച്ചിരുന്നു. ഔദ്യോഗിക ആപ്പിലും വെബ്സൈറ്റിലും ലഭ്യമായ ‘മൈനർ ആക്സിഡന്റ് റിപ്പോർട്ടിങ്’ സേവനം വികസിപ്പിക്കാനാണ് പദ്ധതി. ഭാവിയിൽ ഉദ്യോഗസ്ഥ ഇടപെടലുകളില്ലാതെ നിർമിതബുദ്ധി വിശകലനത്തിലൂടെ റിപ്പോർട്ട് നൽകാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതസുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത ഒഴുക്ക് സുഗമമാക്കുന്നതിനും ഒട്ടേറെ പദ്ധതികളാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) നേതൃത്വത്തിൽ നടപ്പാക്കുന്നത്. അതേസമയം തിങ്കളാഴ്ച രാവിലെ ദുബായിൽ 50 വാഹനാപകടങ്ങൾ നടന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസിന്റെ ഔദ്യോഗിക ആപ്പിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ വാഹനാപകടങ്ങളെയും തുടർന്നുള്ള ഗതാഗതക്കുരുക്കിനെ കുറിച്ചുമെല്ലാം അധികൃതർ തത്‌ക്ഷണസന്ദേശങ്ങൾ ആപ്പിലൂടെ നൽകിയിരുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും വലിയതോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സൗദി ജർമൻ ആശുപത്രിക്ക് എതിർവശത്തെ ഹെസ്സ സ്ട്രീറ്റിൽനിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള പാതയിലും ഇന്റർനാഷണൽ സിറ്റിക്ക് എതിർവശത്തുള്ള ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും വലിയ അപകടങ്ങളാണുണ്ടായത്. ഇരുറോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഡ്രൈവർമാരോട് ഇതരറൂട്ടുകൾ ഉപയോഗിക്കാനും നിർദേശിച്ചിരുന്നു. ചില വാഹനാപകടങ്ങളുടെ വീഡിയോ അധികൃതർ എക്സിൽ പങ്കുവെക്കുകയുംചെയ്തു.
Comments are closed.