ദുബായ് : താമസപ്രദേശങ്ങളിൽ മികച്ച ഗതാഗതസേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അൾജീരിയ സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ അറിയിച്ചു.
അൾജീരിയ സ്ട്രീറ്റിന്റെയും അൽ ഖവനീജ് സ്ട്രീറ്റിന്റെയും ഇന്റർസെക്ഷൻ മുതൽ അൽ മുഹൈസിന ഒന്ന്, അൽ മിസാർ ഒന്ന് എന്നിവിടങ്ങളിലേക്കുള്ള ടുണിസ് സ്ട്രീറ്റിന്റെ ഇന്റർസെക്ഷൻവരെയുള്ള രണ്ടുകിലോമീറ്റർ നീളത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്.
അൽ ഖവനീജ് സ്ട്രീറ്റിന് സമീപമുള്ള സ്ട്രീറ്റ് 11-ന്റെ ഇന്റർസെക്ഷൻ മുതൽ ടുണിസ് സ്ട്രീറ്റിന്റെയും സ്ട്രീറ്റ് 27, 31 എന്നിവയുടെയും ഇന്റർസെക്ഷൻ വരെയുള്ള അൾജീരിയ സ്ട്രീറ്റിന്റെ വീതികൂട്ടിയിട്ടുമുണ്ട്.
ഇതോടെ ഓരോ ദിശയിലേക്കുള്ള വാഹനശേഷി 6000-ത്തിൽനിന്ന് 9000 ആയി ഉയരുകയും യാത്രാസമയം 15 മിനിറ്റിൽനിന്ന് ഏഴുമിനിറ്റായി കുറഞ്ഞെന്നും ആർ.ടി.എ.യിലെ റോഡ്സ്, ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹ്ഹി പറഞ്ഞു.
നിലവിലെ റൗണ്ട് എബൗട്ടിനെ സിഗ്നലുകളുള്ള ജങ്ഷനാക്കി മാറ്റിയതിലൂടെ അൽ മുഹൈസിന, അൽ മിസാർ എന്നിവിടങ്ങളിലെ താമസക്കാർക്ക് മികച്ചസേവനം നൽകാനാവും. കൂടാതെ അൾജീരിയ സ്ട്രീറ്റ് മുതൽ ടുണിസ് സ്ട്രീറ്റ് വരെ വ്യാപിച്ചുകിടക്കുന്ന സൈക്ലിങ് ട്രാക്കുകളും നടപാതകളും പദ്ധതിയിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്. 27, 31 സ്ട്രീറ്റുകളെ സർവീസ് റോഡുകളുമായി ബന്ധിപ്പിക്കുന്നതിന് അൾജീരിയ സ്ട്രീറ്റിന്റെ ഇരുവശത്തും സർവീസ് റോഡ് നിർമാണവും വില്ലകൾക്കായി പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കലും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Comments are closed.