അബുദാബി : വിദ്യാർഥികളുടെ യാത്ര നിരീക്ഷിക്കാൻ പുറത്തിറക്കിയ സലാമ ആപ്പിൽ സ്വകാര്യ സ്കൂളുകളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇനി അബുദാബിയിലെ 672 സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളുടെ യാത്ര തത്സമയം മാതാപിതാക്കൾക്കും അധ്യാപകർക്കും സ്മാർട്ട് ഫോണിലൂടെ അറിയാം.
സ്കൂളിൽ പോയ മക്കൾ എവിടെയെത്തി എന്ന ആശങ്കയ്ക്കും ഇതോടെ വിരാമമായി. പരീക്ഷണാർഥം ആരംഭിച്ച ആപ്പിന്റെ വിജയത്തെ തുടർന്നാണ് സേവനം മുഴുവൻ സ്കൂളുകളിലേക്കും വ്യാപിപ്പിച്ചതെന്ന് സംയോജിത ഗതാഗത കേന്ദ്രവും (ഐടിസി) നഗരസഭയും അറിയിച്ചു. സ്കൂൾ ബസുകളുടെ യാത്ര ഐടിസി ഉദ്യോഗസ്ഥരും നിരീക്ഷിക്കും. ഏതാനും നഴ്‌സറികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബസിന്റെ സഞ്ചാരപാത സ്മാർട്ട് ഫോണിൽ കാണാനാകും. അടിയന്തര ഘട്ടങ്ങളിൽ ബസ് സൂപ്പർവൈസറുമായും സ്കൂൾ അധികൃതരുമായും ആശയവിനിയമം നടത്താനും ഇതുവഴി സാധിക്കും. ബസ് സ്കൂളിലും വീട്ടിലും എത്തുന്ന സമയം സലാമ ആപ് രക്ഷിതാക്കളെയും സ്കൂളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും അറിയിക്കും. വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിലും ക്ലാസ് കഴിഞ്ഞ് തിരിച്ച് യഥാസമയം വീട്ടിൽ എത്തിയില്ലെങ്കിലും രക്ഷിതാക്കൾക്ക് വിവരം ലഭിക്കും.
Comments are closed.