ദുബായ് : വ്യാജ യാത്രാരേഖകൾ കണ്ടെത്താൻ സമഗ്ര പരിശോധനാ സംവിധാനങ്ങളൊരുക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ.) രേഖ പരിശോധനാകേന്ദ്രം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാംടെർമിനലിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്.
തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, വിസ എന്നിവയുൾപ്പെടെ കഴിഞ്ഞവർഷം 1327 വ്യാജരേഖകൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം, വ്യാജരേഖകൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ വൈദഗ്ധ്യമുള്ള 62 ഉദ്യോഗസ്ഥരാണ് കേന്ദ്രത്തിലുള്ളത്. വ്യാജരേഖകൾ കണ്ടെത്തുന്നതിന് അത്യാധുനിക ത്രിമാന സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
ദുബായ് വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോളിലെ എല്ലാ കൗണ്ടറുകളിലും സംശയാസ്പദമായ പാസ്പോർട്ടുകൾ പരിശോധിക്കാൻ സഹായിക്കുന്ന യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഇത്തരം പാസ്പോർട്ടുകൾ പിടികൂടിയാൽ ആദ്യം പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയും പിന്നീട് തുടർനടപടികൾക്കായി പ്രോസിക്യൂഷന് റഫർ ചെയ്യുകയുമാണ് പതിവ്. പിന്നീട് വിശദ പരിശോധനയ്ക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്യും.
യാത്രാരേഖകളുടെ ആധികാരികത നിർണയിക്കൽ ചിലപ്പോഴൊക്കെ ദൈർഘ്യമേറിയ പ്രക്രിയയാണ്. മിക്കപ്പോഴും ലളിതമായ രീതികളിൽ ഇത് സ്ഥിരീകരിക്കാൻ കഴിയും. എന്നാൽ ചില സന്ദർഭങ്ങളിൽ നൂതന ഉപകരണങ്ങൾ ആവശ്യമായി വരും.
യാത്രാ രേഖകൾക്കായി അംഗീകൃതകേന്ദ്രങ്ങളെമാത്രം സമീപിക്കാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Comments are closed.