ദുബായിൽ 14 ഇടങ്ങളിൽ ഗതാഗത സൗകര്യങ്ങൾ വിപുലീകരിച്ചു

ദുബായ് : നഗരത്തിലെ 14 പ്രധാനപ്രദേശങ്ങളിൽ ഗതാഗതം മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കിയതുവഴി യാത്രാസമയം 50 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അധികൃതർ പറഞ്ഞു. കൂടാതെ ഒട്ടേറെ റോഡുകളുടെ വാഹനശേഷി 25 ശതമാനമായി ഉയർത്തി. 2023 – 2024 വർഷങ്ങളിലായി മൊത്തം 45 പ്രദേശങ്ങളിലായി ഗതാഗത വികസന പദ്ധതികൾ നടപ്പാക്കാനാണ് ആർ.ടി.എ. ലക്ഷ്യമിടുന്നത്. ഈ വർഷം 31 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മെച്ചപ്പെടുത്തൽ പദ്ധതികൾ തുടരും.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ അവീർ സ്ട്രീറ്റ്, അബൂബക്കർ അൽ സിദ്ധിഖ് സ്ട്രീറ്റ്, അൽ റബാത്ത് സ്ട്രീറ്റ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ് തുടങ്ങിയ പ്രധാന മേഖലകളിലാണ് ഗതാഗത മെച്ചപ്പെടുത്തലുകൾ നടത്തുക. സുസ്ഥിരത ഉറപ്പാക്കാനുള്ള ആർ.ടി.എ.യുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. ദുബായ് നേതൃത്വത്തിന്റെ നിർദേശാനുസരമാണ് ഗതാഗത മെച്ചപ്പെടുത്തലുകൾ നടത്തുന്നതെന്ന് ആർ.ടി.എ. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ. അബ്ദുള്ള യൂസഫ് അൽ അലി പറഞ്ഞു. എമിറേറ്റിന്റെ സുസ്ഥിര വളർച്ചയുമായി യോജിച്ചുകൊണ്ട് അടിസ്ഥാന ഗതാഗത ശൃംഖല വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അൽ അലി വ്യക്തമാക്കി.

അൽ ഖൈൽ റോഡിലേക്കുള്ള അസായേൽ സ്ട്രീറ്റ് മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെയുള്ള വലതുവശത്തെ എക്സിറ്റ് നവീകരണം ഉൾപ്പടെയുള്ള പ്രധാന മെച്ചപ്പെടുത്തൽ പദ്ധതികളാണ് കഴിഞ്ഞ വർഷം ആർ.ടി.എ. പൂർത്തിയാക്കിയത്. എക്സിറ്റിന്റെ ശേഷി ഒന്നിൽനിന്ന് രണ്ടു ലൈനായി ഉയർത്തി. ഇതുവഴി ബിസിനസ് ബേ പ്രദേശത്തുനിന്ന് ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലേക്കുള്ള യാത്രാസമയം അഞ്ചു മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറഞ്ഞു.

കൂടാതെ അൽ ഫേയ് സ്ട്രീറ്റിലെ റൗണ്ട്എബൗട്ടിലേക്കുള്ള പാതകൾ വർധിപ്പിച്ചതോടെ തിരക്ക് കുറയ്ക്കാനും വാഹനശേഷി വർധിപ്പിക്കാനും കഴിഞ്ഞു. ദുബായ് പ്രൊഡക്‌ഷൻ ഡിസ്ട്രിക്ടിലേക്കും ദുബായ് സ്പോർട്‌സ് സിറ്റി ഡിസ്ട്രിക്ടിലേക്കും പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള യാത്രാസമയം 50 ശതമാനം വരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. അൽ സബ സ്ട്രീറ്റിൽനിന്ന് ദുബായ് മറീനയുടെ ഭാഗത്തുള്ള ഗാൺ അൽ സബ്ക സ്ട്രീറ്റിലേക്ക് ഫ്രീ എക്സിറ്റ് അവതരിപ്പിച്ചതിലൂടെ തിരക്ക് നിയന്ത്രിക്കാനും യാത്രാസമയം 60 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു.

അൽ അസയേൽ സ്ട്രീറ്റിൽനിന്ന് ഉം സുഖീം സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് പോയിന്റ് വിപുലീകരിച്ചതിലൂടെ ഉം സുഖീം വഴി അൽ ബർഷയിൽനിന്ന് അൽ ഖൈൽ റോഡിലേക്കുള്ള യാത്രാസമയം 15 മിനിറ്റിൽനിന്ന് അഞ്ചു മിനിറ്റായി ചുരുങ്ങി. അൽ റെബാത്ത് സ്ട്രീറ്റിൽനിന്ന് ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള വലത് വശത്തെ എക്സിറ്റ് ഒരു ലെയ്നിൽനിന്ന് മൂന്നായി വികസിപ്പിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റോഡിലെ മലീഹ സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്കുള്ള എക്സിറ്റ് (എക്‌സിറ്റ് 71) രണ്ടു വരികളിൽനിന്ന് മൂന്നായി ഉയർത്തി. ഇത് എക്സിറ്റിന്റെ വാഹനശേഷി 4,000-ൽനിന്ന് 6,000- മായി ഉയർത്തുകയും ചെയ്തു.

Comments are closed.