ദുബായിൽ രണ്ട് ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകൾ

ദുബായ് : യു.എ.ഇ. യിലെ ആദ്യത്തെ ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകളായി അൽ ബർഷ, അൽ മുറാഖബാത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തു.

ഓട്ടിസം ബാധിതർക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ മികവിനാണ് അംഗീകാരം ലഭിച്ചത്. ദുബായ് ഓട്ടിസം സെന്റർ അധികൃതരിൽനിന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി സേനയുടെ ഓട്ടിസം സൗഹൃദ സാക്ഷ്യപത്രം (എ.എഫ്.സി.) സ്വീകരിച്ചു.

നിശ്ചയദാർഢ്യമുള്ള വ്യക്തികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള പോലീസിന്റെ പ്രവർത്തന മികവിനാണ് അംഗീകാരം ലഭിച്ചതെന്ന് അൽമർറി പറഞ്ഞു. ഓട്ടിസം ബാധിച്ചവർക്ക് പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന സേവനങ്ങൾക്ക് ദുബായ് ഓട്ടിസം സെന്റർ ബോർഡ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഇമാദി നന്ദിയറിയിച്ചു.

അൽ മുറാഖബാത്ത്, അൽ ബർഷ എന്നീ പോലീസ് സ്റ്റേഷനുകളിൽ സെൻസർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസിലെ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെൻറ് കൗൺസിൽ ചെയർമാൻ മേജർ അബ്ദുള്ള ഹമദ് അൽ ഷംസി പറഞ്ഞു.

ഓട്ടിസമുള്ള വ്യക്തികളുടെ ആവശ്യങ്ങൾ നിറവേറ്റാനാകുന്ന വിധമാണ് മുറികൾ സജ്ജീകരിച്ചിരിക്കുന്നതെന്നും അൽ ഷംസി പറഞ്ഞു.

Comments are closed.