ദുബായ് : ചന്ദ്രനിൽ ബഹിരാകാശ നിലയം നിർമിക്കാനുള്ള രാജ്യാന്തര പദ്ധതിയിൽ പങ്കാളികളാകുമെന്നു യുഎഇ. 10 ടൺ ഭാരമുള്ള ക്രൂ ആൻഡ് സയൻസ് എയർ ലോക്ക് എന്ന പ്രവേശന കവാടമാണ് നിർമിക്കുക. 2030 ആകുമ്പോഴേക്കും പ്രവേശന കവാടത്തിന്റെ വിക്ഷേപണമുണ്ടാകും. ഒപ്പം ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും രാജ്യം പ്രഖ്യാപിച്ചു. ബഹിരാകാശ നിലയത്തിലെ പങ്കാളിത്തവും മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും നാസയും തമ്മിൽ കരാർ ഒപ്പുവച്ചു. 2030ൽ ആകും ഇമറാത്തി സഞ്ചാരിയുടെ ചാന്ദ്രയാത്ര. യുഎഇ നിർമിക്കുന്ന എയർലോക്ക് (പ്രവേശന കവാടം) സഞ്ചാരികൾക്ക് ബഹിരാകാശ നിലയത്തിലെ വീടായി പ്രവർത്തിക്കും.
എയർ ലോക്ക് നിർമാണത്തോടൊപ്പം ബഹിരാകാശ നിലയത്തിൽ ജീവൻ നിലനിർത്താൻ ആവശ്യമായ സാങ്കേതിക സഹായവും എംബിആർഎസിയിലെ ശാസ്ത്രജ്‌ഞർ നൽകും. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനുള്ള പ്രത്യേക കേന്ദ്രവും ചന്ദ്ര ദൗത്യം നിയന്ത്രിക്കാനുള്ള ഗ്രൗണ്ട് സ്റ്റേഷനും യുഎഇയിൽ ഉടൻ സ്‌ഥാപിക്കും.
യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവർക്കൊപ്പമാണ് ലൂണാർ സ്പെയ്സ് സ്റ്റേഷൻ പദ്ധതിയിൽ യുഎഇ പങ്കാളികളാകുന്നത്. രാജ്യാന്തര പദ്ധതിയിലെ പങ്കാളിത്തം രാജ്യത്തിന്റെ സമഗ വികസനത്തിനു കാരണമാകുമെന്നു പദ്ധതി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. മനുഷ്യരുടെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയാകും ലൂണാർ സ്പെയ്സ് സ്റ്റേഷൻ എന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യം ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.