അബുദാബി : നിർമാണമേഖലകളിൽ അഗ്നിസുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പുമായി സഹകരിച്ച് ഗ്യാസ് സുരക്ഷാ സമിതി ഗ്യാസ് സിലിൻഡർ സുരക്ഷാ സർക്കുലർ അവതരിപ്പിച്ചു. എമിറേറ്റിലുടനീളമുള്ള ദ്രവീകൃത പെട്രോളിയം വാതക സംവിധാനങ്ങളുടെ സുരക്ഷ വിലയിരുത്താനാണ് ഗ്യാസ് സുരക്ഷാ സമിതി രൂപവത്കരിച്ചത്.
അപകടങ്ങൾ തടയുന്നതിന് ഗ്യാസ് വിതരണവും ഉപയോഗവും കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ കരാറുകാരും വിതരണക്കാരും സർക്കുലറിലെ നിർദേശങ്ങൾ പാലിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തീപ്പിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും നിർമാണ സൈറ്റുകൾ സമിതി നിരീക്ഷിക്കും.
സുരക്ഷ ഉറപ്പിക്കുന്നതിൽ എൻജിനിയർമാർ, കരാർ സ്ഥാപനങ്ങൾ, നിർമാതാക്കൾ എന്നിവർക്ക് നിർണായക പങ്കുണ്ടെന്ന് നഗരാസൂത്രണ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ എൻജിനിയർ ഖാലിദ് നാസ്സർ അൽ മെൻഹലി പറഞ്ഞു. വിജ്ഞാപനവും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൈറ്റുകളിൽ പരിശോധനാ കാമ്പയിനുകൾ നടത്തുന്നുണ്ട്. നിർമാണ മേഖലകളിലെ ക്രമേക്കേടുകൾ അബുദാബി സർക്കാരിന്റെ ടോൾ ഫ്രീ നമ്പറായ 800555-ൽ വിളിച്ചറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Comments are closed.