2023 വിജയകരം, പുതിയ വികസനപദ്ധതികൾക്ക് അംഗീകാരം

ദുബായ് : കഴിഞ്ഞവർഷത്തെ നേട്ടങ്ങളെ അവലോകനം ചെയ്തുകൊണ്ട് യു.എ.ഇ. മന്ത്രിസഭ ഈ വർഷത്തെ ആദ്യ യോഗം ചേർന്നു. വെള്ളിയാഴ്ച പ്രസിഡൻഷ്യൽ പാലസിൽ നടന്ന യോഗത്തിൽ കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ മന്ത്രിസഭ അവലോകനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.

2023 രാജ്യചരിത്രത്തിലെ ഏറ്റവുംസജീവമായ നിയമനിർമാണ വർഷമായാണ് അടയാളപ്പെടുത്തുന്നതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. കാലാവസ്ഥാ സമ്മേളനവും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ വിജയകരമായ ദൗത്യവും ലോകശ്രദ്ധയാകർഷിച്ചു. ‘എന്റെ സഹോദരൻ മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിൽ 2023 അസാധാരണമായിരുന്നു’വെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.സാമ്പത്തിക വളർച്ച, ശാസ്ത്ര പുരോഗതി, വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പുതിയ സംഭവവികാസങ്ങൾക്കെല്ലാം കഴിഞ്ഞവർഷം സാക്ഷ്യം വഹിച്ചു.

ഈ വർഷത്തെ തുടർയോഗങ്ങളിൽ സ്വദേശിവത്കരണത്തിന് മുൻഗണന നൽകും. 62 അന്താരാഷ്ട്ര കരാറുകൾക്കൊപ്പം 60 ദേശീയനയങ്ങൾ മന്ത്രിസഭ അംഗീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.എ.ഇയുടെ 2024 വികസനപദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി.

ദേശീയദിനത്തിൽ യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രൂപവത്കരിച്ച പദ്ധതി ദേശീയ മുൻഗണനകൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

പദ്ധതിപ്രകാരം സുസ്ഥിരത നിലനിർത്താനുള്ള ശ്രമങ്ങൾ തുടരും. വലിയ വികസന നേട്ടങ്ങൾക്കായുള്ള പുതിയ നാഴികക്കല്ലായിരിക്കും പദ്ധതിയെന്ന് മന്ത്രിസഭ വിലയിരുത്തി.

 

Comments are closed.